കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ചെന്നിത്തല ദത്തെടുത്തു; അപ്പോളോ ഇനി മോഡല്‍ കോളനി

*ജയന്തിക്ക് ജോലി, നിമ്മിക്കും ശ്രുതിലാലിനും പഠനച്ചെലവ്

*25 കുടുംബങ്ങള്‍ക്ക് അമ്പത് ലക്ഷം, വീടുപണിക്ക് മൂന്നുലക്ഷം.

നിസാര്‍ മുഹമ്മദ്

തിരുവനന്തപുരം: ഇന്നലെവരെ അവഗണനയുടെ നടുവില്‍ വീര്‍പ്പുമുട്ടിക്കഴിഞ്ഞിരുന്ന തിരുവനന്തപുരത്തെ അണ്ടൂര്‍ക്കോണം അപ്പോളോ ദളിത് കോളനി ഇന്നുമുതല്‍ പെരുമയുടെ നിറവില്‍. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഗാന്ധിഗ്രാമം പരിപാടിയുമായി കോളനി സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ കോളനി നിവാസികള്‍ നൂറുമേനി വിളവ് ലഭിച്ച കര്‍ഷകന്റെ സന്തോഷത്തിലായിരുന്നു. രാവിലെ പത്തുമണിയോടെ വീടുകളില്‍ സന്ദര്‍ശനത്തിനെത്തിയ ചെന്നിത്തല, പരിഷ്‌കൃത സമൂഹത്തിന് നടുവില്‍ തികച്ചും അപരിഷ്‌കൃതമായി ജീവിക്കേണ്ടിവരുന്ന ഒരുവിഭാഗത്തിന്റെ നേര്‍കാഴ്ചകളാണ് കണ്ടത്. ഒരാള്‍ക്ക് കഷ്ടിച്ച് നടന്നു പോകാവുന്ന വഴികള്‍ക്ക് ഇരുവശവുമായി പാര്‍ക്കുന്ന 300-ഓളം കുടുംബങ്ങള്‍. കുടിക്കാന്‍ വെള്ളമില്ല, പാര്‍ക്കാന്‍ പണിതീരാത്തൊരു വീടില്ല, നല്ലൊരു റേഷന്‍കടയില്ല, കുട്ടികളെ വിദ്യാഭ്യാസത്തിന് അയക്കാന്‍ മാര്‍ഗ്ഗമില്ല, എന്തിന്, കോളനിയില്‍ ആരെങ്കിലും മരിച്ചാല്‍ സംസ്‌കരിക്കാന്‍ പോലും സ്ഥലമില്ല…

ആരുടെയും കരളലിയിക്കുന്ന കാഴ്ചകള്‍, വീട്ടമ്മമാരുടെ വേവലാതികള്‍. രണ്ടുമുറിയുള്ള ഒരു വീട്ടില്‍ തന്നെ മൂന്നും നാലും കുടുംബങ്ങളാണ് തിങ്ങിഞെരുങ്ങിക്കഴിയുന്നത്.
എന്തെങ്കിലും രോഗമുണ്ടായാല്‍ ചികില്‍സ തേടി കിലോമീറ്ററുകള്‍ താണ്ടണമെന്ന പരാതി ഒരു വീട്ടമ്മ ചെന്നിത്തലയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന മന്ത്രി വി.എസ് ശിവകുമാര്‍, അണ്ടൂര്‍ക്കോണത്തെ പ്രാഥമികാരോഗ്യ കേന്ദ്രം കിടത്തിചികില്‍സയുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്താനുള്ള നടപടി ഉടനെടുത്തു. ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാനുള്ള നടപടിക്കും അമാന്തമുണ്ടായില്ല. പാലോട് രവി എം.എല്‍.എ, ഗാന്ധിഗ്രാമം പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍ വി.പി സജീന്ദ്രന്‍ എം.എല്‍.എ, എ.ടി ജോര്‍ജ് എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഡോ. എം.എ കുട്ടപ്പന്‍, ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. വിദ്യാധരന്‍, മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി. കൃഷ്ണന്‍, വാര്‍ഡംഗം ശോഭനകുമാരി, എന്നിവരാണ് കോളനിയിലെ വീടുകളിലേക്ക് ചെന്നിത്തലയെ കൊണ്ടുപോയത്.

ജനപ്രതിനിധികളും നേതാക്കളും നാട്ടുകാരും അദ്ദേഹത്തെ അനുഗമിച്ചു. തന്റെ ചെറ്റക്കുടില്‍ സന്ദര്‍ശിക്കാനെത്തിയ ചെന്നിത്തലയോട് ജയന്തിയെന്ന വീട്ടമ്മ പറഞ്ഞത്, ചുറ്റുമുള്ള വീടുകളില്‍ വൈദ്യുതിയെത്തിയിട്ടും തനിക്ക് കണക്ഷന്‍ ലഭിക്കുന്നില്ലെന്നായിരുന്നു. ചെമ്പഴത്തി എസ്.എന്‍ കോളേജില്‍ നിന്ന് ചരിത്ര വിഷയത്തില്‍ 59 ശതമാനം മാര്‍ക്കോടെ എം.എ പാസായതാണ് ജയന്തി. ഇപ്പോള്‍ കാര്യവട്ടം കാമ്പസില്‍ ബി.എഡിന് അഡ്മിഷന്‍ ലഭിച്ചു. ഒന്നരവര്‍ഷം മുമ്പായിരുന്നു വിവാഹം. ഭര്‍ത്താവ് മനോജ് കൂലിവേലക്കാരനാണ്. ഈ വീട്ടിലെത്തിയപ്പോള്‍ മുതല്‍ മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിലാണ് പഠനവും അടുക്കള ഭരണവും. ഒമ്പതുമാസം പ്രായമുള്ള മകന്‍ മോഹിതിനെ കുടിലിന് പുറത്തിറക്കാന്‍ പോലും പേടിയാണ്. ചുറ്റുമുള്ള കാടുകളില്‍ ഇഴജന്തുക്കളുടെ ശല്യം. ജയന്തിയുടെ ആവലാതി കേട്ട ചെന്നിത്തല, വൈദ്യുതി കണക്ഷനുള്ള ഏര്‍പ്പാട് മാത്രമല്ല, ഉന്നത വിദ്യാഭ്യാസ മുണ്ടായിട്ടും ദുരിത ജീവിതം നയിക്കുന്ന ജയന്തിക്ക് ജോലിയും വാഗ്ദാനം ചെയ്തു.

സര്‍ക്കാര്‍ സ്ഥാപനത്തിലോ അതല്ലെങ്കില്‍ മറ്റേതെങ്കിലും സ്വകാര്യ സ്ഥാപനത്തിലോ ജയന്തിക്ക് ഉടന്‍ ജോലി ലഭിക്കും. കരിപുരണ്ട ജീവിതത്തില്‍ നിന്ന് തന്നെ വെളിച്ചത്തിലേക്ക് നയിച്ച ജയന്തി ആനന്ദക്കണ്ണീരോടെയാണ് ചെന്നിത്തലയുടെ വാക്കുകള്‍ കേട്ടത്. ഒപ്പം, കോളനി നിവാസികളുടെ ആഹഌദാരവവും. ദാരിദ്ര്യം കാരണം പഠനം വഴിമുട്ടിയ കോളനിയിലെ രണ്ടു കുട്ടികളുടെ പഠന ചെലവ് രമേശ് ചെന്നിത്തല സ്വയം ഏറ്റെടുത്തു. കണിയാപുരം മുസ്ലിം ഗവ. ഹൈസ്‌കുളിലെ എട്ടാം ക്ലാസുകാരി നിമ്മിയുടേയും ആറാം ക്ലാസുകാരി ശ്രുതിലാലിന്റെയും ഇനിയുള്ള പഠന ചെലവുകളെല്ലാം താന്‍ തന്നെ വഹിക്കുമെന്ന് രമേശ് ചെന്നിത്തല ഭവന സന്ദര്‍ശനം നടത്തുന്നതിനിടെ പ്രഖ്യാപിച്ചു. ‘ നിങ്ങള്‍ ആഗ്രഹിക്കുന്നിടം വരെ പഠിക്കാം. കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയ്ക്കല്ല ഞാന്‍ ഇതു പറയുന്നത്. ഞാന്‍ കെ.പി.സി.സി പ്രസിഡന്റായി തുടര്‍ന്നാലും ഇല്ലെങ്കിലും നിങ്ങള്‍ക്കുളള സഹായം തുടരും’ രമേശ് ഇങ്ങനെ പറഞ്ഞപ്പോള്‍ നിമ്മിയുടെയും ശ്രുതിയുടെയും മിഴികള്‍ നിറഞ്ഞു.

അച്ഛന്‍ കുമാരന്റെ മരണത്തോടെയാണ് നിമ്മിയുടെ പഠനം വഴിമുട്ടിയത്. അമ്മ ബിന്ദുമാത്രമാണ് ആ കുടുംബത്തിലെ ആശ്രയം. ഷിബുവിന്റേയും ലാലിയുടേയും മകളാണ് ശ്രുതിലാല്‍. സ്‌കൂള്‍തലത്തില്‍ പവര്‍ലിഫ്റ്റിംഗ് താരങ്ങളായി തിളങ്ങുന്ന മാളുട്ടിക്കും ശ്രുതി ലക്ഷ്മിക്കും സ്‌പോണ്‍സര്‍മാരെ കണ്ടെത്തി നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതു സംബന്ധിച്ച് അടുത്ത ദിവസം തന്നെ ദേശസാല്‍കൃത ബാങ്കുകളുടെ അധികാരികളുമായി സംസാരിക്കും.
ദാരിദ്രാവസ്ഥയിലും ഡിഗ്രി പഠനം മുന്നോട്ടു കൊണ്ടു പോകുന്ന ശ്യാമിലിക്ക് ചെന്നിത്തലയുടെ ഉറപ്പ് ‘ഡിഗ്രിക്ക് നല്ല വിജയം നേടി വരൂ. ഉടന്‍ തന്നെ ജോലി തരും’. തകര്‍ന്നു വീഴാറായ വീടുകളില്‍ കഴിയുന്ന കരിച്ചാറ ഭാഗത്തെ രജനിക്കും എ. അജിക്കും ചെന്നിത്തലയുടെ സഹായ ഹസ്തം; വീടു പണിക്കായി ഒരു ലക്ഷം രൂപ വീതം കെ.പി.സി.സിയുടെ ഗാന്ധിഗ്രാമം ഫണ്ടില്‍ നിന്നും നല്‍കും. വീടിന്റെ അറ്റകുറ്റപ്പണി ചെയ്യുന്നതിന് കെ. ചന്ദ്രിക, രാജു എന്നിവര്‍ക്ക് 50,000 രൂപ വീതവും അനുവദിച്ചതായി ചെന്നിത്തല അറിയിച്ചു.

ഭവനരഹിതരായ കോളനിയിലെ 25 പേര്‍ക്ക് പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പില്‍ നിന്നും രണ്ടു ലക്ഷം രൂപ വീതം അനുവദിക്കും. ഇക്കാര്യം ഇന്നലെ തന്നെ ചെന്നിത്തല വകുപ്പ് മന്ത്രി എ.പി.അനില്‍കുമാറുമായി സംസാരിച്ച് ഉറപ്പു വരുത്തി. കോളനി നിവാസികളടങ്ങുന്ന 12 പേരടങ്ങുന്ന കമ്മിറ്റി ഇതിനുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും. രണ്ട് സ്‌പോര്‍ട്‌സ് കഌബുകള്‍ക്കു കിട്ടി ധനസഹായം ഗാന്ധിഗ്രാമം പദ്ധതിയില്‍ നിന്നും 25,000 രൂപ വീതം നല്‍കാമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top