കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

വിവാഹേതര ബന്ധം: സി.ഐ.എ. തലവന്‍ രാജിവച്ചു


വാഷിംഗ്‌ടണ്‍: തന്റെ ജീവചരിത്രകാരിയുമായി വിവാഹേതരബന്ധമുണ്ടെന്നു സമ്മതിച്ചുകൊണ്ട്‌ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ തലവന്‍ ഡേവിഡ്‌ പെട്രേയസ്‌ സ്‌ഥാനമൊഴിഞ്ഞു.

വിവാഹബാഹ്യബന്ധം പുലര്‍ത്തിയ തന്റെ നടപടി രാജ്യത്തിന്റെ പ്രധാന രഹസ്യാന്വേഷണ ഏജന്‍സി തലവനു യോജിച്ചതല്ലെന്നു ചൂണ്ടിക്കാട്ടിയാണു പെട്രേയസ്‌ സ്‌ഥാനമൊഴിഞ്ഞത്‌. തന്റെ ജീവചരിത്രകാരിയായ പോള ബ്രോഡ്‌വെല്ലുമായാണു പെട്രേയസിന്റെ അവിഹിതബന്ധം.

ഇറാഖിലും അഫ്‌ഗാനിസ്‌ഥാനിലുമുള്ള രാജ്യാന്തരസേനകളെ നയിച്ച പെട്രേയസ്‌ 2011ലാണ്‌ സി.ഐ.എ. തലവനായത്‌. പെട്രേയസ്‌ പഠിച്ച വെസ്‌റ്റ് പോയിന്റ്‌ അക്കാദമിയില്‍നിന്നാണ്‌ പോളയും ബിരുദം നേടിയത്‌.

9/11 ആക്രമണത്തിനുശേഷം ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട മിലിട്ടറി ഓഫീസറാണ്‌ പെട്രേയസ്‌. സി.ഐ.എ. തലവനായിരുന്ന ലിയോണ്‍ പനേറ്റ പ്രതിരോധ സെക്രട്ടറിയായതിനെത്തുടര്‍ന്ന്‌ 2011 മധ്യത്തോടെ സൈന്യത്തില്‍നിന്നു രാജിവയ്‌ക്കുകയായിരുന്നു പെട്രേയസ്‌.

പോള ബ്രോഡ്‌വെല്ലുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ്‌ ഫെഡറല്‍ അന്വേഷണ ഏജന്‍സി, എഫ്‌.ബി.ഐ. ഇരുവര്‍ക്കുമിടയിലെ ബന്ധം കണ്ടെത്തിയത്‌. പെട്രേയസിന്റെ ഇ-മെയില്‍ അക്കൗണ്ട്‌ ബ്രോഡ്‌വെല്ലിന്‌ ഉപയോഗിക്കാന്‍ പറ്റിയിരുന്നോ എന്ന്‌ എഫ്‌.ബി.ഐ. നിരീക്ഷിക്കുന്നുണ്ടായിരുന്നു.

അമേരിക്കന്‍ പ്രസിഡന്റായി ബരാക്‌ ഒബാമ തെരഞ്ഞെടുക്കപ്പെട്ടിട്ടു മൂന്നു ദിവസം മാത്രമേ ആയിട്ടുള്ളൂ എന്നതിനാല്‍ പെട്ടെന്നുള്ള രാജി വിശദീകരിച്ച്‌ വൈറ്റ്‌ഹൗസ്‌ വൃത്തങ്ങള്‍ നിരവധി പ്രസ്‌താവനകള്‍ പുറത്തിറക്കിയിട്ടുണ്ട്‌.

ഭര്‍ത്താവ്‌ എന്ന നിലയിലും സംഘടനയുടെ തലവന്‍ എന്ന നിലയിലും തന്റെ പ്രവൃത്തി അനുചിതമാണെന്നും പ്രസിഡന്റ്‌ തന്റെ രാജി സ്വീകരിച്ചതായും സ്‌ഥാനമൊഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ചു പെട്രേയസ്‌ പറഞ്ഞു.

ഹാവാര്‍ഡ്‌ സര്‍വകലാശാല റിസര്‍ച്ച്‌ അസോസിയേറ്റായ ബ്രോഡ്‌വെല്‍ ലണ്ടനിലെ കിംഗ്‌സ് കോളജില്‍ ഗവേഷകവിദ്യാര്‍ഥിയുമാണ്‌. റേഡിയോഗ്രാഫര്‍ ആയ സ്‌കോട്ട്‌ ബ്രോഡ്‌വെല്ലിനെ വിവാഹം കഴിച്ച പോള ബ്രോഡ്‌വെല്‍ നോര്‍ത്ത്‌ കരോലിനയിലെ ഷാലറ്റിലാണു താമസം.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top