കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ദൃശ്യം: വധക്കേസ് അന്വേഷിക്കാൻ സേതുരാമയ്യർ എത്തുന്നു

drisyam-cbi

സിനിമ മനുഷ്യന്റെ വ്യക്തി ജീവിതത്തിൽ ചെലുത്തുന്ന വലിയ സ്വാധീനത്തിന്റെ ശക്തമായ ഉദാഹരണമാണ് കഴിഞ്ഞ വർഷം ഇതേ ദിവസം റിലീസ് ചെയ്ത് ബോക്സ് ഓഫിസ് റെക്കോർഡുകൾ തകർത്തോടിയ ‘ദൃശ്യം. അന്നു മുതൽ ഇന്നു വരെ കേരള പൊലീസ് പല കുറ്റവാളിയെയും പിടിക്കുമ്പോൾ കേൾക്കുന്നതാണ്, തെളിവു നശിപ്പിക്കാനായി പ്രതി ദൃശ്യം സിനിമ മൂന്നു വട്ടം കണ്ടു, പത്തു തവണ കണ്ടു എന്നൊക്കെ.

drisyam-cbiപക്ഷേ, ദൃശ്യത്തെ അനുകരിച്ച്, ഒരിക്കലും പിടിക്കപ്പെടില്ലെന്നു കരുതി, ആ കുറ്റവാളികൾ നശിപ്പിക്കാൻ ശ്രമിച്ച തെളിവുകൾ കേരള പൊലീസിലെ ചുണക്കുട്ടികൾ പുഷ്പം പോലെ മാന്തി പുറത്തിട്ടു.

അതുകൊണ്ട്, കുറ്റവാളികളും കുറ്റകൃത്യത്തിനു പദ്ധതിയിടുന്നവരും ഒന്ന് ഓർക്കുക. ദൃശ്യം കണ്ടാലും ഇല്ലെങ്കിലും ശരി, തെറ്റു ചെയ്താൽ പിടിക്കപ്പെടും. ഇനി ആരെങ്കിലും പിടിക്കപ്പെടുന്നില്ലെങ്കിൽ നിങ്ങളെ പിടിക്കേണ്ട എന്നു പൊലീസ് തീരുമാനിച്ചിരിക്കുന്നെന്നു കരുതിയാൽ മതി. അന്വേഷകർക്കു മുന്നിലെ എല്ലാ പഴുതുകളും അടച്ച്, ഒരു തുമ്പു പോലും ബാക്കിവയ്ക്കാതെ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിപ്പോയ ദൃശ്യത്തിലെ ജോർജ്കുട്ടിക്കും ഇതു ബാധകം തന്നെ. ഭാര്യക്കും മക്കൾക്കും നൽകിയ വാക്കു പാലിച്ച്, അവരെ ഇരുമ്പഴിക്കുള്ളിലേക്കു വിടാതെ ജോർജ്കുട്ടി കുടുംബത്തെ രക്ഷിച്ചല്ലോ എന്നാശ്വസിച്ച് തീയറ്റർ വിട്ട ഓരോ മലയാളിയും ഇഷ്ടപ്പെടാൻ ആഗ്രഹിക്കാത്ത ഒരു കാര്യം പറയാം.

പ്രഗൽഭനായ ഒരു അന്വേഷകൻ ഒന്നു മിനക്കെട്ടാൽ ഡിഎജെി ഗീതാ പ്രഭാകറിന്റെ മകൻ വരുണിനെ കൊലപ്പെടുത്തിയതിന് ജോർജ്കുട്ടിയുടെ മകൾ അഞ്ജു അറസ്റ്റിലാകും, എല്ലാ തെളിവുകളോടും കൂടി. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് ജോർജുകുട്ടിയും ഭാര്യ റാണിയും പിടിക്കപ്പെടും. രണ്ടാമത്തെ മകൾ അനു കേസിൽ സാക്ഷിയുമാകും. ജോർജ്കുട്ടി തനിക്ക് അനുകൂലമായി നിരത്തിയ സാക്ഷികളെല്ലാം അയാൾക്കെതിരെ സാക്ഷിപ്പട്ടികയിൽ അണിനിരക്കും. ഒരിക്കലും ചുരുളഴിയില്ലെന്നു പലരും ഇപ്പോഴും വിശ്വസിക്കുന്ന മലയാളത്തിലെ എക്കാലത്തെയും ശ്രദ്ധേയമായ ക്രൈം ത്രില്ലർ ദൃശ്യത്തിന്റെ ചുരുളഴിക്കാൻ എത്തുന്നത് സിബിഎെ ആണെങ്കിലോ? അന്വേഷണം ഇവിടെ തുടങ്ങുന്നു…

അതിവിദഗ്ധമായി, കഴിയുന്നത്ര പഴുതുകൾ അടച്ചാണ് സംവിധായകൻ ജീത്തുജോസഫ് ദൃശ്യം തയ്യാറാക്കിയിരിക്കുന്നതെന്ന് പറയാതെ വയ്യ. എന്നാൽ, ഏതു കുറ്റകൃത്യവും അന്വേഷകനായി ഒരു തുമ്പ് അവശേഷിപ്പിക്കുമെന്ന പ്രമാണം പോലെ ദൃശ്യത്തിലുമുണ്ട് പൊലീസിനു പിടിച്ചു കയറാൻ ചില കച്ചിത്തുരുമ്പുകൾ. അവ അന്വേഷകന് ഉപയോഗിക്കാൻ കഴിയാത്ത വിധം രണ്ടു തടസങ്ങൾ സൃഷ്ടിച്ചു കൊണ്ടാണ് ദൃശ്യം അവസാനിക്കുന്നത്. ഒന്ന്, ജോർജ്കുട്ടിയെ ചോദ്യം ചെയ്യണമെങ്കിൽ അനുവാദം വാങ്ങണമെന്ന ജില്ലാ കോടതിയുടെ ഉത്തരവ്. രണ്ട്, കേസിൽ പരാതിക്കാരാകേണ്ട പ്രഭാകറും ഗീതാ പ്രഭാകറും കൂടുതൽ അന്വേഷണത്തിനു താൽപര്യമില്ലാതെ വിദേശത്ത്.

ടാസ്ക് 1: ജോർജ്കുട്ടിയുടെ തെളിവുകൾ പൊളിക്കുക ജോർജ്കുട്ടിയെയും കുടുംബത്തെയും ചോദ്യം ചെയ്യാനും അവരുടെ വീടു പരിശോധിക്കാനും വഴിയൊരുക്കുകയാണ് അന്വേഷകനു മുന്നിലെ ആദ്യ ദൗത്യം. അതിനു വേണ്ടത് അതുവരെ ജോർജ്കുട്ടി തനിക്ക് അനുകൂലമായി കെട്ടിപ്പൊക്കിയ തെളിവുകളെ പൊളിച്ചടുക്കലാണ്. ഹോട്ടൽ ഉടമ, ലോഡ്ജ് മാനേജർ, തീയറ്ററിലെ പ്രൊജക്ടർ ഓപ്പറേറ്റർ, സ്വകാര്യ ബസിലെയും കെഎസ്ആർടിസി ബസിലെയും കണ്ടക്ടർമാർ എന്നിവരിൽ നിന്നു വീണ്ടും വിശദമായ മൊഴി സിബിഎെ ശേഖരിക്കുന്നു. വരുണിന്റെ ഫോൺ നമ്പർ ആദ്യം നിശ്ചലമായ ദിവസം(വരുൺ കൊല്ലപ്പെട്ട ദിവസം), അതായത് ഓഗസ്റ്റ് രണ്ടിനോ അതിന്റെ പിറ്റേന്നോ തങ്ങൾ ജോർജ്കുട്ടിയെ കണ്ടിട്ടില്ലെന്നും പകരം ഓഗസ്റ്റ് നാലിനും അഞ്ചിനുമാണ് കണ്ടതെന്നും മൊഴി നൽകുന്നു. അതോടെ ജോർജുകുട്ടിയും കുടുംബവും പാറേപ്പള്ളിയിലെ ധ്യാനത്തിനായി യാത്ര നടത്തിയത് രണ്ടിനും മൂന്നിനും അല്ലെന്നു തെളിയുന്നു.

എന്നാൽ, പ്രതികളിലേക്ക് വിരൽ ചൂണ്ടാൻ ഇൗ തെളിവു പോരാ. അതിനാൽ ഇൗ മൊഴികളെ പിന്താങ്ങുന്ന തെളിവുകൾ എന്ന നിലയിൽ ജോർജുകുട്ടിയും കുടുംബവും ആഹാരം കഴിച്ച ഹോട്ടൽ മലബാർ വില്ലേജിലെ സിസിടിവി ദൃശ്യങ്ങൾ സിബിഎെ പിടിച്ചെടുത്തു പരിശോധിക്കുന്നു. (തൊടുപുഴയിലെ ഇൗ ഹോട്ടലിൽ സിസിടിവി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തു സൂക്ഷിക്കുന്ന സംവിധാനമുണ്ടെന്നത് യാഥാർഥ്യം. രണ്ടാം തീയതിയല്ല, നാലിനാണ് ജോർജുകുട്ടി കുടുംബസമേതം മലബാർ വില്ലേജ് ഹോട്ടലിൽ എത്തിയതെന്ന് ഇൗ ദൃശ്യങ്ങളിലൂടെ വ്യക്തമാകും. വരുണിന്റെ കാർ പാറമടയിൽ തള്ളിയ ശേഷം മൂന്നാം തീയതി ആരുടെയും ശ്രദ്ധയിൽ പെടാതെ ജോർജ്കുട്ടി ഒറ്റക്കെത്തി ഹോട്ടലിൽ നിന്ന് നാലുപേർക്കുള്ള ബിരിയാണിയുടെ രസീത് സംഘടിപ്പിക്കുന്നതും ഇൗ സിസിടിവി ദൃശ്യത്തിൽ നിന്നു തെളിവായി സ്വീകരിക്കാം.

രണ്ടാം തീയതി രാത്രി 11ന് സിഗ്നൽ നഷ്ടപ്പെട്ട വരുണിന്റെ സിം കാർഡ് പിന്നീട് ജീവൻ വയ്ക്കുന്നത് മൂന്നിന് രാവിലെയാണ്. ആ സമയത്ത് സിം കാർഡിന്റെ ലൊക്കേഷൻ എവിടെയാണെന്നു സിബിഎെ കണ്ടെത്തുന്നു. രണ്ടാം തിയതി രാത്രി പ്രവർത്തനം നിലച്ച സിംകാർഡ് പിറ്റേന്ന് രാവിലെ പ്രവർത്തിച്ചു തുടങ്ങുന്നത് ഇൗ ലൊക്കേഷനിൽ വച്ച് മറ്റൊരു എഎംഇഎെ നമ്പറിലെ ഫോണിൽ നിന്നാണ്. ഇൗ എഎംഇഎെ നമ്പർ കേന്ദ്രീകരിച്ച് സിബിഎെ നടത്തുന്ന അന്വേഷണത്തിൽ, മുൻപ് ഫോൺ ഉപയോഗിച്ചിരുന്ന ഉടമ അത് തൊടുപുഴയിലെ ഒരു ഷോപ്പിൽ വിറ്റെന്നു മൊഴി നൽകുന്നു. ഷോപ്പുകാരൻ കസ്റ്റഡിയിൽ. ജോർജ്കുട്ടിയുടെ ചിത്രം അയാളെ കാട്ടുമ്പോൾ തിരിച്ചറിയുന്നു. ഫുൾ ചാർജുള്ള സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങി ജോർജ്കുട്ടി മടങ്ങിയെന്ന ഷോപ്പ് ഉടമയുടെ മൊഴി അന്വേഷണ വഴിയിൽ നിർണായകമാകുന്നു.

തൊടുപുഴയിൽ നിന്ന് മംഗലാപുരം, ഉടുപ്പി, ഗോവ വഴി പുണെയ്ക്ക് അടുത്തുള്ള കോലാപ്പൂരിലേക്കാണ് സിം കാർഡിന്റെ തുടർന്നുള്ള സഞ്ചാരപാത. തൊടുപുഴയിൽ നിന്ന് വ്യവസായ മേഖലയായ കോലാപ്പൂരിലെ ജെപി പവർനഗറിലേക്കു പോകുന്നത് ചരക്കുലോറികളാണെന്നത് സിബിഎയെ പഠിപ്പിക്കേണ്ടതില്ലല്ലോ. സഞ്ചരിച്ച റൂട്ടും ഇടയ്ക്ക് തങ്ങിയ കേന്ദ്രങ്ങളും ഫോൺ ലൊക്കേഷനിലൂടെ പരിശോധിച്ചാൽ ഫോണുമായി പോയത് ചരക്കുലോറിയാണെന്ന് കൂടുതൽ ഉറപ്പിക്കാം. അന്വേഷകരെ തെറ്റിദ്ധരിപ്പിക്കാൻ ചരക്കുലോറിയിൽ ഫോൺ ഉപേക്ഷിച്ചതാണെന്ന് ഇതോടെ വ്യക്തമാകുന്നു. വരുണിന്റെ കാറുമായി ജോർജ്കുട്ടി പോകുന്നതു കണ്ടെന്ന പൊലീസുകാരൻ സഹദേവന്റെ മൊഴി കൂടി ആകുന്നതോടെ തെളിവു നശിപ്പിക്കാൻ ജോർജ്കുട്ടി നടത്തിയ നീക്കങ്ങളുടെ പൂർണവിവരം സിബിഎയെുടെ കൈകകളിലായി.

ടാസ്ക് 2: വരുണിന് എന്തു സംഭവിച്ചു? ഓഗസ്റ്റ് രണ്ടിനു രാവിലെ തൊടുപുഴയിലെ എടിഎമ്മിൽ നിന്നു പണം പിൻവലിച്ച വരുണിന്റെ പിന്നീടുള്ള മൊബൈൽ ലൊക്കേഷൻ രാത്രി 11ന് ജോർജുകുട്ടിയുടെ വീടു സ്ഥിതി ചെയ്യുന്ന ഭാഗത്താണെന്ന് സൈബർ സെൽ കണ്ടെത്തുന്നു. അന്നു രാത്രി 11ന് ഓഫ് ആയ ആ ഫോൺ പിന്നീട് എവിടെയും ഓൺ ചെയ്തിട്ടില്ല. അപ്പോൾ, വരുണിന്റെ അവസാന സാന്നിധ്യം രാത്രി 11ന് ജോർജുകുട്ടിയുടെ വീട്ടിലോ പരിസരത്തോ ആണെന്ന് സിബിഎക്ക്െ അനുമാനിക്കാം. അമ്മയും ചേച്ചിയും ചേർന്നു ചാക്കിൽ കെട്ടിയ എന്തോ സാധനം കുഴിച്ചിടുന്നതു താൻ കണ്ടെന്ന് ഇളയകുട്ടി അനു നേരത്തേ മൊഴി നൽകിയിട്ടുമുണ്ടല്ലോ.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ജോർജുകുട്ടിയുടെ വീടും പരിസരവും പരിശോധിക്കാൻ അനുമതി തേടി സിബിഎെ കോടതിയെ സമീപിക്കുന്നു. സിബിഎക്കെു ലഭിച്ച തെളിവുകളെക്കുറിച്ചുള്ള വാർത്ത മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതോടെ ജോർജുകുട്ടി പ്രതിരോധത്തിലേക്ക്. നാട്ടുകാരുടെ പിന്തുണയും കുറയുന്നു.

കോടതിയിൽ നിന്ന് അനൂകൂല വിധി നേടിയ സിബിഎെ സംഘം ജോർജ്കുട്ടിയുടെ വീടും പരിസരവും ഫൊറൻസിക് അധികൃതരുടെ സഹായത്തോടെ പരിശോധിക്കുന്നു. അങ്ങനെ, ഗീതാ പ്രഭാകറും സംഘവും നേരത്തെ പരിശോധിച്ച കുഴിമാടം വീണ്ടും സിബിഎെ മാന്തുന്നു. ഫൊറൻസിക് വിദഗ്ധർ മണ്ണിന്റെയും മറ്റും സാംപിൾ ശേഖരിക്കുന്നു. 24 മണിക്കൂർ ഇൗ കുഴിക്കുള്ളിൽ കിടന്ന വരുണിന്റെ മൃതദേഹത്തിൽ നിന്ന് ഒട്ടേറെ രോമങ്ങൾ ഇവിടെ വീണിരിക്കാമെന്നു തീർച്ച. ഇവ മണ്ണിൽ നിന്നു വേർതിരിച്ചെടുത്ത് ഡിഎൻഎ പരിശോധനയക്കു വിധേയമാക്കിയാൽ മുടി വരുണിന്റേതെന്നു കണ്ടെത്താം. ഒരു മുടി മതി ഡിഎൻഎ പരിശോധനയ്ക്ക്. അങ്ങനെ വരുൺ കൊല്ലപ്പെട്ടു എന്ന് ആദ്യമായി അന്വേഷണം സംഘം സ്ഥിരീകരിക്കുന്നു.

ഓഗസ്റ്റ് രണ്ടിന് രാത്രി 11ന് സിഗ്നൽ നഷ്ടപ്പെടുമ്പോൾ വരുണിന്റെ സിംകാർഡ് ജോർജ്കുട്ടിയുടെ വീടിന്റെ ദിശയിലാണല്ലോ. അതിനു ശേഷം വരുണിനെ ആരും കണ്ടിട്ടില്ല. ജോർജ്കുട്ടിയുടെ വീട്ടിലെ കുഴിയിൽ നിന്നു വരുണിന്റെ മുടിയിഴകൾ കൂടി ലഭിച്ചതോടെ ഓഗസ്റ്റ് രണ്ടിനു രാത്രി 11ന് വരുൺ ജോർജ്കുട്ടിയുടെ വീട്ടിൽ വച്ചു കൊല്ലപ്പെട്ടെന്നതിനും മൃതദേഹം അവിടെത്തന്നെ കുഴിച്ചിട്ടെന്നതിനും സ്ഥിരീകരണമായി. എന്നാൽ പിന്നീട് മൃതദേഹം എങ്ങോട്ടോ മാറ്റിയിരിക്കുന്നു. അത് എവിടേക്ക്?

ടാസ്ക് 3: വരുണിന്റെ മൃതദേഹം എവിടെ? മൃതദേഹം കണ്ടെത്തുന്നതിനുള്ള തിരച്ചിലാണ് ഇനി. ഓഗസ്റ്റ് രണ്ടിനു ശേഷം തൊടുപുഴയിലോ പരിസര പ്രദേശങ്ങളിലോ കാണപ്പെട്ട അജ്ഞാത മൃതദേഹങ്ങളെപ്പറ്റി സിബിഎെ അന്വേഷണം. നാടും നഗരവും പൊലീസ് അരിച്ചുപെറുക്കിയിട്ടും ഒരു തുമ്പും ലഭിക്കുന്നില്ല. തുടർന്ന്, ജോർജ്കുട്ടിയുടെ കൈവശമുള്ള ഭൂമിയുടെ വിശദാംശങ്ങൾ സിബിഎെ ശേഖരിക്കുന്നു. റാണി കേബിൾ വിഷൻ, സമീപത്തെ ഒറ്റമുറി കട, റാണിയുടെ കുടുംബവീട് എന്നിവിടങ്ങളിൽ പരിശോധന. വരുണിനെ കാണാതായതിനു ശേഷം ഒരിക്കൽ ഒറ്റമുറി കടയുടെ തറ സിമെന്റ് പൂശി അറ്റകുറ്റപ്പണി ചെയ്തെന്ന് സമീപവാസികളിൽ നിന്ന് സിബിഎക്ക്െ വിവരം ലഭിക്കുന്നു. ഇൗ പവൃത്തി ചെയ്ത തൊഴിലാളികളെ ചോദ്യം ചെയ്യുമ്പോൾ അന്വേഷണം കോൺട്രാക്ടർ സോമനിലേക്ക്.

പൊലീസ് സ്റ്റേഷന്റെ കോൺട്രാക്ട് പണിക്കായാണ് താൻ രാജാക്കാട് എത്തിയതെന്നും ജോർജ്കുട്ടി ആവശ്യപ്പെട്ട പ്രകാരം ആണ് കടമുറി അറ്റകുറ്റപ്പണി ചെയ്തതെന്നും സോമന്റെ മൊഴി. തറപൊളിച്ചത് ജോർജ്കുട്ടിയാണ്, തന്റെ തൊഴിലാളികൾ സിമന്റ് പൂശുകയാണു ചെയ്തതെന്നും സോമൻ വിശദീകരിക്കുമ്പോൾ മൃതദേഹം കടമുറിയിൽ തന്നെ കുഴിച്ചിട്ടിരിക്കാമെന്ന് സിബിഎെ ഉറപ്പിക്കുന്നു. എന്നാൽ, കടമുറി കുഴിച്ച് പരിശോധിക്കുന്ന സിബിഎക്ക്െ പിന്നെയും തിരിച്ചടി. അവിടെയും മൃതദേഹമില്ല. ഒരിക്കലും തെളിയപ്പെടാത്ത കുറ്റകൃത്യങ്ങളുടെ പട്ടികയിലേക്ക് വരുൺ കൊലക്കേസും ചെന്നെത്തുമോ? ഇല്ല. കാരണം, അന്വേഷിക്കുന്നത് സിബിഎയൊണ്. അങ്ങനെ തോറ്റുകൊടുക്കാൻ പറ്റില്ലല്ലോ.

അന്വേഷണ ഉദ്യോഗസ്ഥന്റെ മനസിൽ കോൺട്രാക്ടർ സോമന്റെ മൊഴിയിൽ നിന്നു കിട്ടിയ ഒരു സ്പാർക്ക് അങ്ങനെ കിടക്കുകയാണ്. വരുൺ കൊല്ലപ്പെട്ടത് രണ്ടിനു രാത്രി. പൊലീസ് സ്റ്റേഷന്റെ വാർക്കയുടെ തട്ടു പൊളിച്ചത് മൂന്നിനു പകൽ. സ്റ്റേഷന്റെ തറയുടെ പണി തുടങ്ങിയത് നാലിന്. തറയുടെ പണി ആരംഭിക്കുന്നതിനു മുൻപ് മൂന്നിനു രാത്രി പൊലീസ് സ്റ്റേഷനിൽ എന്തെങ്കിലും സംഭവിച്ചോ? ജോർജ്കുട്ടിയെപ്പോലെ ഒരു ബുദ്ധിമാനായ കുറ്റവാളിയിൽ നിന്ന് അങ്ങനെയൊരു നീക്കം ന്യായമായും ഉണ്ടാകാം. പക്ഷേ, ഒരു നേരിയ സംശയത്തിന്റെ പേരിൽ ഒരു പൊലീസ് സ്റ്റേഷൻ പൊളിക്കുന്നതെങ്ങനെ? മൃതദേഹം എന്തു ചെയ്തെന്ന് ജോർജ്കുട്ടിയിൽ നിന്നു വിവരം ലഭിക്കാതെ ഇനിയൊരു നീക്കം നടത്തുന്നത് സിബിഎക്കെു തിരിച്ചടിയാകും. അതിനാൽ കോടതിയുടെ അനുമതിയോടെ ജോർജ്കുട്ടിയെ പോളിഗ്രാഫ് ടെസ്റ്റിനു വിധേയനാക്കുന്നു.

ക്ലൈമാക്സിലെ ട്വിസ്റ്റ് കൊച്ചി സിബിഎെ ഓഫിസ്. ചോദ്യം ചെയ്യൽ മുറിയിൽ ജോർജ്കുട്ടി. അഭിമുഖമായി സിബിഎെ അന്വേഷണ ഉദ്യോഗസ്ഥൻ. ചോദ്യം ചെയ്യൽ ആരംഭിക്കുന്നു. ‘ഇൗ ദിവസത്തിന്റെ പ്രത്യേക എന്താണെന്ന് ജോർജ്കുട്ടിക്ക് അറിയാമോ? ‘അറിയാം. ഇന്നല്ലേ എജെിയുടെ മകൻ വരുണിനെ കാണാതായി ഒരു വർഷമാകുന്നത് ‘അപ്പോൾ ജോർജ്കുട്ടി ഒന്നും മറന്നിട്ടില്ല? ‘ഇല്ല സാർ. എന്റെ കുടുംബം ആ കേസിന്റെ പേരിൽ അനുഭവിച്ചതൊന്നും എനിക്കു മറക്കാൻ കഴിയില്ല ‘എന്നാൽ ജോർജ്കുട്ടീ, വരുണിന്റെ കേസുമായി ബന്ധപ്പെട്ട് താങ്കൾക്ക് അറിയാവുന്ന കാര്യങ്ങളൊക്കെ കഴിഞ്ഞയാഴ്ച നടത്തിയ നുണപരിശോധനയിൽ താങ്കൾ പറഞ്ഞു. അതിന്റെ കടലാസാണ് ദാ എന്റെ മുന്നിലിരിക്കുന്നത് ‘ഞാൻ തെറ്റും ചെയ്തിട്ടില്ല സാർ. എതു കൊണ്ട് എനിക്ക് ആരെയും പേടിക്കേണ്ട കാര്യവുമില്ല ‘തന്റെ ഭാര്യയും മക്കളും ഇപ്പോൾ എവിടെ ആണെന്നറിയാമോ? ‘എനിക്ക് ഉൗഹിക്കാം. നിങ്ങൾ അവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ടാകും ‘അല്ല ജോർജ്കുട്ടീ. അവർ രാജാക്കാട്ട് തന്നെയുണ്ട്. അവിടെ എവിടെയാണെന്ന് അറിയണ്ടേ? ‘എവിടെയാണ് സാർ? ‘അവിടെ രാജാക്കാട് പൊലീസ് സ്റ്റേഷൻ ഇപ്പോൾ പൊളിച്ചുകൊണ്ടിരിക്കുകയാണ് ജോർജ്കുട്ടീ. വരുണിന്റെ ഡെഡ്ബോഡിക്കു വേണ്ടി ഒരു നിമിഷം ജോർജ്കുട്ടി ഞെട്ടി. പെട്ടെന്ന് ആ ഞെട്ടൽ മറച്ച് പഴയഭാവത്തിലേക്കു മാറി. പക്ഷേ, ആ ഒരു സെക്കൻഡിലെ ഭാവമാറ്റം മതിയായിരുന്നു വരുൺ കൊലക്കേസിന്റെ ദുരൂഹതയിൽ നിന്ന് യാഥാർഥ്യത്തിലേക്ക് സിബിഎക്കെു പറന്നുയരാൻ. ഉടൻ ജോർജ്കുട്ടിയെ വാഹനത്തിൽ കയറ്റി സിബിഎെ സംഘം നേരേ രാജാക്കാട്ടേക്ക്. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പ്രത്യേക അനുമതിയോടെ പൊലീസ് സ്റ്റേഷന്റെ തറ പൊളിക്കാൻ തുടങ്ങുന്നു. വരുണിന്റെ മൃതദേഹം അഴുകിയ നിലയിൽ പുറത്തേക്കെടുത്ത ശേഷം സിബിഎെ ഇൻസ്പെക്ടർ കാറിലേക്കു കയറുമ്പോൾ കീഴുദ്യോഗസ്ഥൻ ആരാഞ്ഞു.

‘സാർ, പോളിഗ്രഫ് ടെസ്റ്റിൽ അയാൾ ഒന്നും പറഞ്ഞില്ലല്ലോ. പിന്നെങ്ങനെ ബോഡി സ്റ്റേഷനിലാണെന്നു കണ്ടെത്തി? ‘എടോ. പൊലീസിന്റെയും സിബിഎയെുടെയും കേസുകൾ പരിശോധിച്ചാൽ മനസിലാകും, പോളിഗ്രാഫ് ടെസ്റ്റിന്റെ സക്സസ് റേറ്റ് വളരെ കുറവാണ്. പ്രത്യേകിച്ച് ജോർജ്കുട്ടിയെപ്പോലെ അതിബുദ്ധിമാനായ ഒരാളിൽ പോളിഗ്രാഫിലൂടെ ഒന്നും കിട്ടില്ല. പക്ഷേ, പോളിഗ്രാഫ് ടെസ്റ്റിൽ അയാൾ എല്ലാം തുറന്നു പറഞ്ഞെന്ന് അയാളെ ഞാൻ ധരിപ്പിച്ചു. അത് എന്റെ തന്ത്രമായി അയാൾ കരുതിയിട്ടുണ്ടാകണം. എന്നാൽ ബോഡി സ്റ്റേഷനിലായിരിക്കാം എന്ന മനസിലെ നേരിയ സംശയം അറ്റകൈയ്ക്കു ഞാൻ അവതരിപ്പിച്ചു. അതിൽ അയാൾ വീണു

ഉപസംഹാരം മൃതദേഹം കടമുറിയിൽ കുഴിച്ചിട്ടു എന്നു പ്രേക്ഷകരെ ഇടയ്ക്കൊന്നു തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതാണ് ദൃശ്യം അന്വേഷകർക്കു മുന്നിലേക്കു നീട്ടുന്ന തുമ്പ്. കടമുറി അറ്റകുറ്റപ്പണി ചെയ്ത സോമൻ എന്ന കോൺട്രാക്ടർ ജോർജ്കുട്ടിക്കും മൃതദേഹം വിശ്രമിക്കുന്ന പൊലീസ് സ്റ്റേഷനും ഇടയിലെ കണ്ണിയായി മാറി. ആ കണ്ണി ഇല്ലായിരുന്നെങ്കിൽ അന്വേഷണം പാളിയേനെ.

തെറ്റു ചെയ്യുന്നവർ ശിക്ഷിക്കപ്പെടണം. അതാണു നീതി. എന്നാൽ മാനം കാക്കാനായി ഒരു കാട്ടാളനെ കൊന്ന പെൺകുട്ടി ജയിലിലേക്കു പോകാൻ സിനിമ കണ്ട ആരും ആഗ്രഹിക്കില്ല. അവർക്കും ആശ്വസിക്കാം, പ്രായപൂർത്തിയാകാത്തവർക്കു ഇപ്പോൾ ലഭിക്കുന്ന പ്രത്യേക പരിരക്ഷയിൽ ജോർജ്കുട്ടിയുടെ മകൾക്ക് കഠിന ശിക്ഷകളൊന്നും ലഭിക്കില്ല. രാജ്യം നടുങ്ങിയ 2012ലെ ഡൽഹി കൂട്ടമാനഭംഗക്കേസിൽ പോലും മാനഭംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റു ചെയ്ത പ്രായപൂർത്തിയാകാത്ത പ്രതിക്ക് കോടതി വിധിച്ച ശിക്ഷ എന്താണെന്നോ, ഒബ്സർവേഷൻ ഹോമിൽ വെറും മൂന്നു വർഷത്തെ വാസം. അതേസമയം, തെളിവു നശിപ്പിച്ചതിനു ജോർജ്കുട്ടിക്കും ഭാര്യ റാണിക്കും എതിരെ കേസു വരും.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top