കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ആണവ കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്‌: ആണവകരാര്‍ വ്യവസ്‌ഥകളില്‍ ഇന്ത്യ കീഴടങ്ങിയെന്ന്‌ വിമര്‍ശനം

pm-modi-obama-shake-hands-after-briefing

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനികേതര ആണവകരാര്‍ യാഥാര്‍ഥ്യമാകുന്നു. ആണവ കരാറിലുണ്ടായിരുന്ന തടസങ്ങള്‍ നീങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയും സംയുക്‌തപ്രസ്‌താവനയില്‍ വെളിപ്പെടുത്തി. ഇതിനു പിന്നാലെ ആണവ കരാര്‍ യാഥാര്‍ഥ്യമായതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമയുമായി ഇന്നലെ ഹൈദരാബാദ്‌ ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ്‌ ഇതുസംബന്ധിച്ചു ധാരണയായത്‌. പ്രതിരോധം, വ്യാപാരം-വാണിജ്യം, കാലാവസ്‌ഥാ വ്യതിയാനം തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. ആണവ ബാധ്യതാ വ്യവസ്‌ഥകളില്‍ മുന്‍നിലപാടുകളില്‍ വിട്ടുവീഴ്‌ചചെയ്യാന്‍ ഇരുരാജ്യങ്ങളും തയാറായതോടെയാണു കരാര്‍ യാഥാര്‍ഥ്യമാകുന്നത്‌. 2010ലെ ആണവ ബാധ്യതാ നിയമപ്രകാരത്തിലെ നിബന്ധനകള്‍ പാലിച്ച്‌ അമേരിക്കന്‍ കമ്പനികള്‍ക്ക്‌ ഇന്ത്യയില്‍ പ്ലാന്റുകള്‍ ഉണ്ടാക്കാന്‍ വിസമ്മതിച്ചിരുന്നു. ആണവ അപകടമുണ്ടായാല്‍ ആണവ വസ്‌തുവും പ്ലാന്റും വിതരണം ചെയ്‌തവര്‍ക്കാണ്‌ ഉത്തരവാദിത്വമെന്നാണ്‌ ഇന്ത്യയിലെ നിയമം. രാജ്യാന്തര നിയമങ്ങള്‍പ്രകാരം ഇത്തരം അപകടങ്ങള്‍ക്ക്‌ ഉത്തരവാദി അതു പരിപാലിക്കുന്ന രാജ്യങ്ങളിലെ സ്‌ഥാപനങ്ങളാണ്‌.

 

obama
ഇന്ത്യന്‍ നിയമം ഈ രീതിയില്‍ മാറ്റണമെന്നായിരുന്നു അമേരിക്കയുടെ ആവശ്യം. തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടെന്നും കരാറുകള്‍ ഒപ്പിടുന്നതു മാത്രമേ ബാക്കിയുള്ളൂവെന്നാണു വിദേശകാര്യ വകുപ്പില്‍നിന്നുള്ള സൂചന. ആണവ ബാധ്യതാ നിയമത്തിലെ പ്രശ്‌നം ഇന്‍ഷുറന്‍സ്‌ നിധി രൂപീകരിച്ചാകും പരിഹരിക്കുക. 750 കോടി രൂപയുടേതാണ്‌ ഇന്‍ഷുറന്‍സ്‌ നിധി.
ആണവ നിലയങ്ങള്‍ പരിശോധിക്കുമെന്ന വ്യവസ്‌ഥ ഒഴിവാക്കാനുള്ള സമ്മതമാണ്‌ അമേരിക്കയുടെ വിട്ടുവീഴ്‌ച. മറ്റു രാജ്യങ്ങളുമായി ആണവ കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ അമേരിക്ക സാധാരണയായി ഉള്‍പ്പെടുത്തുന്ന വ്യവസ്‌ഥയാണിത്‌. ആണവ ഇന്ധനം ഊര്‍ജ ആവശ്യത്തിന്‌ മാത്രമാണ്‌ ഉപയോഗിക്കുന്നതെന്ന്‌ ഉറപ്പു വരുത്താനായിരുന്നു പരിശോധന. ഇത്‌ പ്രസിഡന്റിന്റെ സവിശേഷ അധികാരം ഉപയോഗിച്ച്‌ ഒബാമ ഇളവ്‌ വരുത്തും. അതേസമയം, ആണവകരാര്‍ വ്യവസ്‌ഥകളില്‍ ഇന്ത്യ കീഴടങ്ങിയെന്ന്‌ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്‌.
ആഗോളതലത്തില്‍ ഭീകര വിരുദ്ധ സഖ്യം: ഭീകര സംഘടകളെ വേര്‍തിരിച്ചു കാണില്ല. ഭീകരതയ്‌ക്കെതിരേ പോരാടാന്‍ മികച്ച സാങ്കേതിക വിദ്യ ലഭ്യമാക്കും. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം അഭിനന്ദനീയമാണെന്ന്‌ ഒബാമ വ്യക്‌തമാക്കി. അഫ്‌ഗാനിസ്‌ഥാനിലെ ഭീകര വിരുദ്ധ പോരാട്ടങ്ങള്‍ക്ക്‌ ഇരു രാജ്യങ്ങളും കൈകോര്‍ക്കുമെന്ന്‌ ഒബാമ അറിയിച്ചു.
സൈനിക സഹകരണം പുതിയ തലത്തില്‍: പ്രതിരോധ ഗവേഷണ മേഖലയില്‍ സഹകരിക്കാന്‍ തീരുമാനം. പ്രതിരോധ സഹകരണ കരാര്‍ പുതുക്കും. ഏഷ്യ പസഫിക്‌ മേഖലയില്‍ കൂടുതല്‍ സഹകരണത്തിനു ധാരണ. ഈ മേഖലയില്‍ അമേരിക്കയുടെ കാഴ്‌ചപ്പാടില്‍ മാറ്റമെന്ന്‌ ഒബാമ.
നിക്ഷേപതാല്‍പര്യങ്ങള്‍ സംരക്ഷിക്കും: ഇരു രാജ്യങ്ങളിലെയും നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കരാര്‍ ഉണ്ടാക്കും. 2008 ല്‍ ആരംഭിച്ച ചര്‍ച്ചയാണ്‌ യാഥാര്‍ഥ്യത്തിലേക്കു നീങ്ങുന്നത്‌. ഇപ്പോള്‍ 10,000 കോടി
ഡോളറിന്റെ ഇടപാടാണ്‌ ഇരുരാജ്യങ്ങളും തമ്മിലുള്ളതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്‌തമാക്കി. ഇന്ത്യന്‍ വംശജരായ ഐടി പ്രഫഷണലുകള്‍ 100 കോടി ഡോളറാണു സാമൂഹിക നികുതിയായി നല്‍കുന്നത്‌. നികുതി ഈടാക്കല്‍ ഏകീകരിക്കുന്നതിനു ചര്‍ച്ച ഉണ്ടാകും. ഉഭയകക്ഷി നിക്ഷേപ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇരുപക്ഷവും ധാരണയായി. ഇന്ത്യയെ ബിസിനസ്‌ സൗഹൃദ രാജ്യമാക്കാനാണ്‌ മോഡിയുടെ ശ്രമമമെന്നും ഒബാമ.
ഇന്ത്യ- അമേരിക്ക ഹോട്ട്‌ ലൈന്‍: ഇരു രാജ്യങ്ങളുടെയും ഉന്നത നേതൃത്വങ്ങള്‍ തമ്മില്‍ ഹോട്ട്‌ലൈന്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുമായും ഹോട്ട്‌ലൈന്‍ സൗകര്യമൊരുക്കും. ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കളെയും ഹോട്ട്‌ലൈനിലൂടെ ബന്ധിക്കും. പരസ്‌പര പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള നടപടിയാണിതെന്നു മോഡി വിശേഷിപ്പിച്ചു.
കാലാവസ്‌ഥാ വ്യതിയാനവും ആഗോള താപനവും: ക്ലീന്‍ എനര്‍ജി പ്രോജക്‌ടുകളുമായി മുന്നേറാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തി. ഹരിതഗൃഹ വാതകങ്ങളുടെ പുറംതുള്ളല്‍ കുറയ്‌ക്കാനും അതുവഴി ഇന്ത്യന്‍ നഗരങ്ങളിലെ വായുമലിനീകരണം തടയാനും ധാരണയായെന്ന്‌ ഒബാമ.
സൗരോര്‍ജമടക്കമുള്ളവയുടെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുമെന്നും ഒബാമ പറഞ്ഞു. പാരീസ്‌ കോണ്‍ഫറന്‍സ്‌ വിജയത്തിലെത്തുമെന്നാണു പ്രതീക്ഷയെന്ന്‌ ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞു.
യു.എന്‍. രക്ഷാകൗണ്‍സില്‍ നവീകരണത്തെ അനുകൂലിക്കും. ഇന്ത്യക്കു സ്‌ഥിരാംഗത്വം ലഭിക്കുന്നതിനെ പിന്തുണയ്‌ക്കുമെന്ന്‌ ഒബാമ.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top