പെരുമ്പാവൂര്‍: അകാലമൃത്യു സംഭവിച്ച പത്തുദിവസം പ്രായമുള്ള ശിശുവിന്റെ മൃതദേഹം സംസ്കരിക്കാന്‍ 31 മണിക്കൂര്‍ കാത്തിരുപ്പ്. ഒഡീഷ സ്വദേശി കരണ്‍ മല്ലിക്കിന്റേയും ഗീത മല്ലിക്കിന്റേയും ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് സംസ്കാരത്തിന് ഒരിടം കിട്ടാതെ മണിക്കൂറുകളോളം കാത്തുവയ്ക്കേണ്ടി വന്നത്.
എറണാകുളം അമൃത ആശുപത്രിയില്‍ സിസേറിയനിലൂടെ മാസം തികയാത്ത കുഞ്ഞിനെ പത്തുദിവസം മുമ്പ് പുറത്തെടുക്കുകയായിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞ് ഞായറാഴ്ച രാവിലെ പത്തിനാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിന് 31 മണിക്കൂറുകള്‍ക്ക് ശേഷമാണ് ആലുവ തോട്ടക്കാട്ടുകര എസ്.എന്‍.ഡി.പി ശ്മശാനത്തില്‍ സംസ്കരിച്ചത്.
കരണ്‍ ഒരു മാസമായി ജോലി ചെയ്യുന്ന മലമുറിയിലെ പ്ലൈവുഡ് കമ്പനി അധികൃതര്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള മലമുറി ശ്മശാനത്തില്‍ കുഞ്ഞിനെ സംസ്കരിക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍, ഇവിടത്തെ ഗ്യാസ് ബര്‍ണറുകളുടെ വിടവുകള്‍ വലുതായതിനാല്‍ തീരെ ചെറിയ കുഞ്ഞുങ്ങളെ സംസ്കരിക്കാന്‍ കഴിയില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മൂവാറ്റുപുഴ, എറണാകുളം തുടങ്ങിയ ശ്മശാനങ്ങളിലും ഇതേ ബുദ്ധിമുട്ടുണ്ടായി. കാലടിയിലെ ശ്മശാനം നടത്തിപ്പുകാരന് സ്ഥലത്ത് ഇല്ലാതെ വന്നതാണ് അസൗകര്യമായത്. ഒക്കല്‍ എസ്.എന്‍.ഡി.പി ശ്മശാനവുമായി ബന്ധപ്പെട്ടപ്പോള്‍ ശാഖാംഗങ്ങളുടെ മൃതദേഹങ്ങള്‍ മാത്രമേ സംസ്കരിക്കൂ എന്നായിരുന്നു മറുപടി.
വെങ്ങോല ചുണ്ടമലയിലെ ശ്മശാനത്തിലും സൗകര്യം ലഭിച്ചില്ല. ഹൈന്ദവാചാര പ്രകാരം സംസ്കരിക്കണമെന്നതിനാല് ഇസ്ലാം-ക്രിസ്ത്യന്‍ ശ്മശാനങ്ങളിലും സമീപിക്കാനായില്ല. കമ്പനി അധികൃതരും പെരുമ്പാവൂരിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ആര്.ഡി.ഒയും ഇടപെട്ടു. ഒടുവിലാണ് തോട്ടക്കാട്ടുകരയില്‍ സംസ്കാരം നടത്തിയത്.