മലപ്പുറം: ഉപേക്ഷിക്കപ്പെടുന്ന ചോരക്കുഞ്ഞുങ്ങളെ സ്വന്തം കുഞ്ഞുങ്ങളാക്കി വളര്‍ത്താന്‍ കാത്തിരിക്കുന്നതു രണ്ടായിരത്തോളം ദമ്പതിമാര്‍. നിയമതടസങ്ങള്‍ നീക്കി സംസ്ഥാന അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്തു കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ വെയ്റ്റിങ് ലിസ്റ്റിലുള്ളത് 864 പേരാണെങ്കിലും സര്‍ക്കാര്‍ അംഗീകാരത്തോടെ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 18 അഡോപ്ഷന്‍ ഏജന്‍സികളില്‍ രജിസ്റ്റര്‍ചെയ്തവരുടെ കൂടി കണക്കെടുക്കുമ്പോള്‍ എണ്ണം രണ്ടായിരത്തോളംവരും.
വന്ധ്യതാചികിത്സ നടത്തിയിട്ടും കുഞ്ഞുങ്ങളുണ്ടാകാത്തവരാണ് കൂടുതലായും ദത്തെടുക്കാന്‍ ഒരുങ്ങുന്നത്. ദത്തെടുക്കാന്‍ അപേക്ഷിക്കുന്നവര്‍ ഇതിനു യോഗ്യരാണോയെന്ന് അന്വേഷിച്ചശേഷമാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്.
ജില്ലാകോടതികളാണു അപേക്ഷയില്‍ അന്തിമതീരുമാനമെടുക്കുക. ദത്തെടുക്കുന്നവരുടെ ഉദ്ദേശ്യം, സാമ്പത്തിക സ്ഥിതി, കുടുംബ പശ്ചാത്തലം തുടങ്ങിയവ അന്വേഷിച്ച ശേഷമാണു യോഗ്യത നല്‍കുകയുള്ളു. അപേക്ഷിക്കുന്നവര്‍ മൂന്നുവയസിനുതാഴെയുള്ള കുട്ടികളെയാണു ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്കു നല്കാന് കുട്ടികളില്ലാത്ത അവസ്ഥയാണ്.
നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ കുഞ്ഞുങ്ങളെ കൈമാറുകയുള്ളു. മിക്കവരും പിഞ്ചുകുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുമ്പോഴും ദത്തെടുക്കുന്ന ദമ്പതികളുടെ വയസ് തമ്മില്‍ കൂട്ടിയാല്‍ 90 നു താഴെ ആയാല്‍ മാത്രമേ മൂന്നു വയസിനു താഴെയുള്ള കുഞ്ഞുങ്ങളെ ദത്തുനല്കുകയുള്ളു. ഇവരുടേയും വയസ് കൂട്ടിയാല്‍ 105നു മുകളിലാണെങ്കില്‍ മൂന്നുവയസിനു മുകളില്‍ പ്രായമുള്ളവരെ ദത്തെടുക്കാം.
വൈകല്യമുള്ള കുട്ടികളെ ദത്തെടുക്കുമ്പോള്‍ ഈ നിയമം പാലിക്കേണ്ടതില്ല. ജുവൈനല്‍ ജസ്റ്റിസ് ആക്ട് 2000 പ്രകാരമാണു നിലവില്‍ കുട്ടികളുടെ കൈമാറ്റം നടക്കുന്നത്. ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ ചൈല്‍ഡ്ലൈനും ചൈല്‍ഡ് വെല്ഫയര്കമ്മിറ്റിക്കും ലഭിച്ചുകഴിഞ്ഞാല്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍ക്ക് ഇവരെ തിരിച്ചുവാങ്ങാന്‍ 60ദിവസം സാവകാശം നല്‍കും.
ഇതിനു ശേഷം ഇവര്‍ തിരിച്ചെത്തിയില്ലെങ്കിലാണു രജിസ്റ്റര്‍ചെയ്ത ദമ്പതികള്‍ക്കു കുട്ടികളെ കൈമാറുക. ഇത്തരത്തില്‍ പ്രതിവര്‍ഷം 200 ഓളം കുഞ്ഞുങ്ങളെ ദമ്പതിമാര്‍ ഏറ്റെടുക്കുന്നുണ്ട്. ദമ്പതിമാരല്ലാതെയും കുട്ടികളെ ദത്തെടുക്കാന്കഴിയും. നടി ശോഭന ഇത്തരത്തില്‍ രണ്ടുകുട്ടികളെ ദത്തെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ മാതാവ് ഉപേക്ഷിച്ച ഒരു ദിവസം മാത്രം പ്രായമായ ചോരക്കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ഏറ്റുവാങ്ങി. കുട്ടിയെ ഏറ്റെടുക്കാന്‍ മാതാവും പിതാവും വിസമ്മതിച്ചതോടെ കുഞ്ഞിനെ അഡോപ്ഷന്‍ സെന്ററിലേക്കു മാറ്റാനിരിക്കുകയാണ്. കുഞ്ഞിനു ജന്മംനല്കിയ പിതാവും മാതാവും കൗമാരക്കാരയതിനാലും ഇരുവരും ഇരുമതസ്ഥരായതിനാലുമാണു കുഞ്ഞിനെ ഏറ്റെടുക്കാനാവില്ലെന്നു ചൈല്‍ഡ്വെല്‍ഫയര്‍ കമ്മിറ്റിയെ അറിയിച്ചത്. ഇന്നു രേഖാമൂലം മാതാവില്‍ നിന്നും ഇത്തരത്തില്‍ കത്ത് എഴുതി വാങ്ങിയശേഷം 60 ദിവസത്തെ സാവകാശം കൊടുക്കും. തുടര്‍ന്നാണു കുഞ്ഞിനെ അഡോപ്ഷന്‍ സെന്ററിനു കൈമാറുക.
വി.പി. നിസാര്‍