ചാവക്കാട്: സ്കോട്ട്ലന്‍ഡില്‍ വിവാഹംകഴിച്ചു മുങ്ങിയ മലയാളിയെത്തേടി എത്തിയ ബ്രിട്ടീഷ് യുവതി ഭര്‍ത്താവിനെ കണ്ടെത്താനാകാതെ മടങ്ങുന്നു. ലണ്ടന്‍ സെന്റ് ആല്‍ബന്‍സ് ക്രെയിന്‍ വില്ലയില്‍ മറിയം ഖാലിഖ(32)യെന്ന പാക് വംശജയാണു കഴിഞ്ഞദിവസം ഭര്‍ത്താവെന്നു പറയുന്ന ചാവക്കാട് അകലാട് സ്വദേശി നൗഷാദ് ഹുസൈനെ (27) തേടി മലപ്പുറത്തെത്തിയത്.
മഞ്ചേരിയിലെ നിയമസഹായവേദി പ്രവര്‍ത്തകരുടെ സഹായത്തോടെ ഭര്‍ത്താവിനെ കണ്ടെത്താന്‍ ഖാലിഖ കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിലും വടക്കേക്കാട് പോലീസിലും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഖാലിഖ നാളെ മടങ്ങാനൊരുങ്ങുകയാണ്. തന്നെ ഭര്‍ത്താവും സഹോദരനും ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി മലപ്പുറം എസ്.പിക്കു പരാതി നല്‍കിയിട്ടുണ്ട്.
മഞ്ചേരിയിലെ തന്റെ അഭിഭാഷകരെ കാണാന്‍ വന്നപ്പോള്‍ വാട്സ് ആപ്പ്വഴി മോശം സന്ദേശങ്ങളും ഫോട്ടോകളും വന്നതിനാലാണു മലപ്പുറത്തു പരാതി നല്‍കിയതെന്നും ഖാലിഖ പറഞ്ഞു. വിവാഹം കഴിയുന്നതിനു മുമ്പു തന്റെ മുന്ബോയ്ഫ്രണ്ടിന്റെ കൂടെ നില്ക്കുന്ന ഫോട്ടോകളും വസ്ത്രംകുറവുള്ള ഫോട്ടോകളും മോര്‍ഫ്ചെയ്ത് അപമാനിക്കുകയാണെന്നാണു പരാതി.
ഖാലിഖയ്ക്കു ഭര്‍ത്താവ് നൗഷാദിന്റെ വീട്ടില്‍ താമസിക്കുന്നതിനും ഇതിനാവശ്യമായ സംരക്ഷണം നല്‍കാനും കുന്നംകുളം കോടതി ഉത്തരവിട്ടുവെങ്കിലും നൗഷാദിന്റെ വീട്ടില്‍ കയറാന്‍ ഖാലിഖ തയാറായില്ല. ഖാലിഖ സ്ത്രീപക്ഷ സംഘടനയായ സ്നേഹിതവഴി ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമാണു കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തത്. ഒരുകോടിയോളം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. മടങ്ങിപ്പോയാലും കേസ് തുടരും.
നൗഷാദ് വിദേശത്താണെന്നാണു പോലീസ് പറയുന്നത്. ഇയാള്‍ മറ്റൊരു വിവാഹത്തിനു തയാറെടുക്കുന്നതായും സൂചനകളുണ്ട്. എന്നാലും നൗഷാദ് തന്നെ സ്വീകരിക്കാന്‍ തയാറായാല്‍ ഒരുമിച്ച് താമസിക്കാന്‍ ഖാലിഖ തയാറാണ്. അതേസമയം മറിയം ഖാലിഖയുമായി പരിചയമുണ്ടെന്നതൊഴിച്ചാല് അവരെ വിവാഹം കഴിച്ചിട്ടില്ലെന്ന നിലപാടിലാണ് നൗഷാദ് എന്നാണറിയുന്നത്.
2011 ല്‍ ഫേയ്സ്ബുക്കിലൂടെയാണ് നൗഷാദിനെ ഖാലിഖ പരിചയപ്പെട്ടത്. ലണ്ടനിലെ മോറിസണ്‍സ് കമ്പനിയിലെ ജീവനക്കാരിയാണ് ഖാലിഖ. സ്കോട്ട്ലന്‍ഡില്‍ എം.ബി.എയ്ക്കുള്ള പഠനത്തോടൊപ്പം പെട്രോളിയം കമ്പനിയില്‍ പാര്‍ട്ടൈം ജോലി ചെയ്യുകയായിരുന്നു നൗഷാദ്. 2013 ഏപ്രില്‍ 19 ന് സ്കോട്ട്ലന്‍ഡില്‍ നിയമപരമായി വിവാഹ രജിസ്ട്രേഷന് നടത്തുകയും ചെയ്തു. ഒരുവര്‍ഷം ഒരുമിച്ചു ജീവിച്ചശേഷം കഴിഞ്ഞ മാര്‍ച്ച് മൂന്നിന് സ്ഥലംവിട്ട നൗഷാദ് പിന്നെ തിരിച്ചുവന്നില്ല.
ഫോണിലും ഇമെയില്‍ വഴിയും അന്വേഷിച്ചെങ്കിലും മറുപടി ലഭിച്ചില്ല. പിന്നീട് ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന തരത്തില്‍ നൗഷാദ് സന്ദേശം നല്‍കിയപ്പോഴാണ് ഖാലിഖ കേരളത്തിലേക്ക് വന്നത്. ബ്രിട്ടനിലെ ഇന്ത്യന്‍ എംബസിവഴി പരാതി നല്‍കുകയും ചെയ്തു. കഴിഞ്ഞ 20 നാണ് മറിയം ഖാലിഖ കേരളത്തിലെത്തിയത്.