കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

സംസ്‌ഥാനത്ത്‌ കോടികളുടെ നികുതി ചോര്‍ച്ച: പ്രതിവര്‍ഷം നടക്കുന്നത്‌ 5000 കോടിയുടെ വെട്ടിപ്പ്‌

currency

കോട്ടയം: സംസ്‌ഥാനത്ത്‌ കോടികളുടെ നികുതി വെട്ടിപ്പ്‌ നടക്കുന്നതായി വാണിജ്യ നികുതി വകുപ്പ്‌. നികുതി ചോര്‍ച്ചയില്‍ സംശയം ഉണ്ടായതിനെത്തുടര്‍ന്നു വാണിജ്യ നികുതി വിഭാഗം സംസ്‌ഥാന വ്യാപകമായി നടത്തിയ പ്രാഥമിക പരിശോധനയില്‍ കോടികളുടെ വെട്ടിപ്പാണ്‌ പുറത്തുവന്നിരിക്കുന്നത്‌.
കഴിഞ്ഞ ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പരിശോധനയില്‍ ഇരുപത്‌ കോടിയുടെ തട്ടിപ്പാണ്‌ കണ്ടെത്തിയത്‌. ഒക്‌ടോബര്‍ മാസത്തില്‍ മാത്രം 14.05 കോടിയുടെ നികുതിവെട്ടിപ്പാണ്‌ നടന്നിരിക്കുന്നതെന്ന്‌ വാണിജ്യ നികുതി വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ പറയുന്നു. തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണര്‍ (ഇന്റലിജന്‍സ്‌)113 കടകളില്‍ നടത്തിയ പരിശോധനയില്‍ 7.21 കോടിയുടെ നികുതി വെട്ടിപ്പും എറണാകുളം ഡെപ്യൂട്ടി കമ്മിഷണറുടെ പരിശോധനയില്‍ 88 കടകളില്‍നിന്ന്‌ 4.59 കോടി നികുതി വെട്ടിപ്പും തെളിഞ്ഞു. കോഴിക്കോട്‌ ഡെപ്യൂട്ടി കമ്മിഷണറുടെ അന്വേഷണത്തില്‍ 82 കടകളില്‍ നിന്നായി 2.23 കോടിയുടെ നികുതി വെട്ടിപ്പും പിടികൂടി.
ഏറ്റവുമധികം നികുതി വെട്ടിപ്പ്‌ നടക്കുന്നത്‌ മാര്‍ബിള്‍, പ്ലൈവുഡ്‌, ഗ്ലാസ്‌, ഇറക്കുമതി ഫര്‍ണിച്ചര്‍ എന്നിവ വില്‍ക്കുന്ന കടകളിലുമാണെന്ന്‌ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്‌. പൊതുചെലവ്‌ അവലോകന സമിതിയുടെ റിപ്പോര്‍ട്ടില്‍ സംസ്‌ഥാനത്തെ നികുതി വെട്ടിപ്പ്‌ 35 ശതമാനമാണെന്നാണ്‌ രേഖെപ്പടുത്തിയിരിക്കുന്നത്‌. ഈ ശതമാന നിരക്കില്‍ കണക്കുകൂട്ടുകയാണെങ്കില്‍ അയ്യായിരം കോടിയുടെ നികുതി വെട്ടിപ്പാണു പ്രതിവര്‍ഷം സംസ്‌ഥാനത്തു നടക്കുന്നത്‌. വാറ്റ്‌ നിയമം നിലവില്‍ വന്നതിനു ശേഷവും സംസ്‌ഥാനത്ത്‌ വ്യാപകമായി നികുതി വെട്ടിക്കുന്നുണ്ടെന്നാണ്‌ ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.
മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ ഒരു ആര്‍.ടി. ഓഫീസില്‍ രജിസ്‌റ്റര്‍ ചെയ്‌ത വാഹനം സീറ്റ്‌ കുറച്ചു കാണിച്ച്‌ മറ്റൊരു ആര്‍.ടി. ഓഫീസില്‍ പേരുമാറ്റി നികുതി വെട്ടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്‌.
ആഡംബര വാഹനങ്ങള്‍ നികുതി കുറവുള്ള അന്യസംസ്‌ഥാനങ്ങളില്‍ രജിസ്‌റ്റര്‍ ചെയ്‌തശേഷം കേരളത്തില്‍ ഓടിക്കുന്നു. ഇത്തരം വെട്ടിപ്പിന്‌ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ കുടപിടിക്കുന്നുണ്ടെന്നും വാണിജ്യനികുതി വകുപ്പ്‌ അധികൃതര്‍ പറയുന്നു. നികുതി വെട്ടിപ്പിന്‌ തടയിടുന്നതിനായി എല്ലാ ചെക്ക്‌ പോസ്‌റ്റുകളിലും നിരീക്ഷണ കാമറകളും ശക്‌തിയേറിയ സ്‌കാനറും സ്‌ഥാപിക്കണമെന്നും ചെക്‌പോസ്‌റ്റുകളുടെ കമ്പ്യൂട്ടറൈസേഷന്‍ നടപ്പാക്കണമെന്നും വാണിജ്യനികുതി വിഭാഗം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.
ചെക്ക്‌ പോസ്‌റ്റുകളില്‍ നികുതി ചോര്‍ച്ച ഒഴിവാക്കാനായി നേരിട്ടുള്ള പരിശോധനയും ഇന്റലിജന്‍സ്‌ വിഭാഗത്തിന്റെ ഏറ്റെടുക്കലും വര്‍ധിച്ച നിരീക്ഷണവും നടപ്പിലാക്കണമെന്നാണ്‌ ഇവര്‍പറയുന്നത്‌. ഇതിലൂടെ നികുതി ചോര്‍ച്ച തടഞ്ഞ്‌ സര്‍ക്കാര്‍ ഖജനാവിലേക്ക്‌ പ്രതിമാസം നൂറുകോടിയിലേറെ രൂപ എത്തിക്കാനാവുമെന്നാണ്‌ കണക്കുകൂട്ടല്‍.

ബാലു മഹേന്ദ്ര

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top