കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

കാന്‍സര്‍ തടയാന്‍ ഭക്ഷണക്രമീകരണം

health splതെറ്റായ ജീവിതശൈലിയും, അനാരോഗ്യകരമായ ഭക്ഷണ രീതിയും, വ്യായാമക്കുറവും കാന്‍സറുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു

കാന്‍സര്‍ എന്നുകേള്‍ക്കുമ്പോള്‍ തന്നെ ഭയമാണ്‌. എന്നാല്‍ ഇപ്പോള്‍ പലതരം കാന്‍സറുകളും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയും. തെറ്റായ ജീവിതശൈലിയും, അനാരോഗ്യകരമായ ഭക്ഷണരീതിയും, വ്യായാമക്കുറവും കാന്‍സറുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അതുകൊണ്ട്‌ ജീവിതശൈലിയിലും, ഭക്ഷണരീതിയിലും മാറ്റം വരുത്തുകയാണ്‌ കാന്‍സര്‍ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. കാന്‍സര്‍ രോഗങ്ങളില്‍ 40 ശതമാനവും തടയാന്‍ കഴിയുമെന്നാണ്‌ ലോകാരോഗ്യ സംഘടന നല്‍കുന്ന സന്ദേശം.

കാന്‍സറിനെ തടയാന്‍ കഴിവുള്ള ഘടകങ്ങള്‍ അടങ്ങിയ ആഹാരസാധനങ്ങള്‍ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുകയും കാന്‍സര്‍ ഉണ്ടാക്കാനിടയുള്ളവ ഒഴിവാക്കുകയും ചെയ്യുക. ഇത്‌ ഒരു പരിധിവരെ കാന്‍സര്‍ തടയുമെന്ന്‌ ഗവേഷണങ്ങള്‍ തെളിയിക്കുന്നു.

കാന്‍സര്‍ സാധ്യതയുള്ള ഭക്ഷണരീതി

1. എണ്ണ, കൊഴുപ്പ്‌, അന്നജം എന്നിവയുടെ അമിത ഉപയോഗം.
2. പൂപ്പല്‍ ബാധിച്ചതും പഴകിയതുമായ ഭക്ഷ്യവസ്‌തുക്കള്‍.
3. ടിന്നിലടച്ചതും, സംസ്‌കരിച്ചതുമായ ഭക്ഷ്യവസ്‌തുക്കള്‍.
4. ഭക്ഷണം കേടാകാതിരിക്കാന്‍ രാസപദാര്‍ഥങ്ങള്‍ അടങ്ങിയ ഭഷ്യവസ്‌തുക്കള്‍.
5. കൃത്രിമമായ നിറവും, മണവും, രുചിയും കലര്‍ന്ന ആഹാരവും പാനീയവും.
6. ഉണക്കമീന്‍, ഉപ്പിലിട്ടത്‌, കേടാകാതെയിരിക്കാന്‍ അധികം ഉപ്പ്‌ ചേര്‍ത്തുണക്കിയ ഭക്ഷ്യ വസ്‌തുക്കളുടെ അമിതമായ ഉപയോഗം.
7. ഫാസ്‌റ്റ്ഫുഡ്‌, ജംഗ്‌ഫുഡ്‌, ബേക്കറി സാധനങ്ങള്‍, കാലറി അധികമായ ഭക്ഷണം, കൊഴുപ്പ്‌ അമിതമായ ഭക്ഷണം മുതലായവയുടെ അമിത ഉപയോഗം.
8. കീടനാശിനി കലര്‍ന്ന പച്ചക്കറികളും, പഴങ്ങളും, ധാന്യങ്ങളും.
9. മായം കലര്‍ന്ന ധാന്യങ്ങളും, പഴവര്‍ഗങ്ങളും, പാനീയങ്ങളും, എണ്ണയും.
10. കൃത്രിമ മധുരം ചേര്‍ത്ത ഭക്ഷണപദാര്‍ഥങ്ങളുടെ അമിത ഉപയോഗം. ചുവന്ന മാംസ്യാഹാര (ബീഫ്‌, മട്ടന്‍, പന്നിയിറച്ചി) ത്തിന്റെ അമിതോപയോഗം.
11. എണ്ണയില്‍ വറുത്തു പൊരിച്ചതും പുകച്ചതും കരിച്ചതുമായ ഭക്ഷണം.
12. വറുക്കാനുപയോഗിച്ച എണ്ണ മാറ്റാതെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത്‌.
13. പാചക എണ്ണ പുകയുന്നതരത്തില്‍ കൂടുതല്‍ ചൂടാക്കുന്നത്‌.
14. ആഹാരത്തില്‍ വിറ്റാമിനുകളുടേയും ധാതുക്കളുടേയും കുറവ്‌.

കാന്‍സര്‍ തടയും ഭക്ഷണം

1. തക്കാളി, കാരറ്റ്‌, ചെറുനാരങ്ങ,ഓറഞ്ച്‌ തുടങ്ങിയവയിലെ ഫിനോളിക്ക്‌ ആസിഡ്‌ കുടലിലെ കാന്‍സര്‍ തടയുന്നു.
2. കാരറ്റ്‌, മധുരകിഴങ്ങ്‌, ഇലക്കറികള്‍ തുടങ്ങിയവയില്‍ കാണുന്ന ബീറ്റാ കരോട്ടിന്‍ അന്നനാളം, ശ്വാസകോശം, ആമാശയം, സ്‌തനം, കുടല്‍, മലാശയം എന്നിവടങ്ങളിലുണ്ടാകുന്ന കാന്‍സര്‍ തടയുന്നു.
3. മുളകിലടങ്ങിയ കാപ്‌സസിന്‍ ആമാശയാര്‍ബുദം തടയുന്നു.
4. വായിലും, കുടലിലും, ചര്‍മ്മത്തിലും വരുന്ന അര്‍ബുദം തടയാന്‍ ചെറുനാരങ്ങ സഹായിക്കുന്നു.
5. വിറ്റാമിന്‍ എ അടങ്ങിയ മാങ്ങ, കാരറ്റ്‌, തക്കാളി, പപ്പായ, ബീറ്റ്‌റൂട്ട്‌, മത്തങ്ങ, ഇലക്കറികള്‍ എന്നിവ വയര്‍, ശ്വാസകോശം, ഉമിനീര്‍ഗ്രന്ഥികള്‍ എന്നിവയിലുണ്ടാകുന്ന കാന്‍സര്‍ തടയുന്നു.
6. കൊഴുപ്പ്‌ നീക്കം ചെയ്‌ത പാല്‍ വായ, ആമാശയം, മലാശയം എന്നീ ഭാഗങ്ങളിലുണ്ടാകുന്ന കാന്‍സര്‍ തടയുന്നു.
7. വിറ്റാമിന്‍ ഇ അടങ്ങിയ പാല്‍, മുട്ട, അണ്ടിപ്പരിപ്പ്‌, സോയാബീന്‍ എന്നിവ ശ്വാസകോശാര്‍ബുദം തടയുന്നു.
8. ഓട്‌സ്, പഴങ്ങള്‍, പയറുവര്‍ഗങ്ങള്‍, ഇലക്കറികള്‍, ധാന്യതവിടുകള്‍, തവിടുകളയാത്ത അരി എന്നിവ കുടല്‍, സ്‌തനം തുടങ്ങിയവയിലുണ്ടാകുന്ന കാന്‍സര്‍ തടയുന്നു. തൊലികളയാത്ത ധാന്യങ്ങളിലെ ഫൈറ്റോ ന്യൂട്രിയന്റുകളും, ലിഗ്നിനും അര്‍ബുദകോശങ്ങളുടെ വളര്‍ച്ച തടയുന്നു.
9. ബികോംപ്‌ളസ്‌ അര്‍ബുദകോശങ്ങളുടെ വളര്‍ച്ച തടയുന്നു.
10. ഉള്ളി, വെളുത്തുള്ളി എന്നിവയിലുള്ള സള്‍ഫര്‍ കാന്‍സറിനു കാരണമാകുന്ന എന്‍സൈമുകളെ തടയുന്നു.
11. പഴങ്ങളിലടങ്ങിയ വിറ്റാമിന്‍ സി, േഫാളിക്ക്‌ ആസിഡ്‌, സിട്രിക്ക്‌ ആസിഡ്‌, ഫൈറ്റോന്യൂടിയന്റുകള്‍ എന്നിവ കാന്‍സര്‍ വരുന്നത്‌ തടയുന്നു.
12. ഇലക്കറികള്‍, ഗ്രീന്‍ ടീ, കട്ടന്‍ ചായ, ഉണക്കമുന്തിരി എന്നിവയിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിന്റെ പ്രതിരോധ ശക്‌തി വര്‍ധിപ്പിച്ച്‌ അര്‍ബുദം തടയുന്നു.
13. മഞ്ഞളിലടങ്ങിയ കുര്‍ക്കുമിന്‍ രക്‌താര്‍ബുദം, സ്‌തനാര്‍ബുദം, പുരുഷന്‍ മാരിലെപ്രോസ്‌റ്റേറ്റ്‌ ഗ്രന്ഥിയിലെ അര്‍ബുദം എന്നിവ തടയുന്നു.
14. സോയാബീന്‍ സ്‌തനം, കുടല്‍, പ്രോസ്‌റ്റേറ്റ്‌ എന്നിവയിലുണ്ടാകുന്ന അര്‍ബുദം തടയുന്നു.സംസ്‌കരിക്കാത്ത സോയാബീന്‍ പയറാണ്‌ കഴിക്കാന്‍ നല്ലത്‌.
15. തക്കാളി, തണ്ണിമത്തന്‍ എന്നിവയിലടങ്ങിയ ലൈക്കോപീന്‍ എന്ന ഘടകം പ്രോസ്സ്‌റ്റേറ്റ്‌ കാന്‍സര്‍ തടയും.
16. പാടനീക്കിയ കൊഴുപ്പ്‌ കുറഞ്ഞ പാല്‍, പാലുല്‌പന്നങ്ങള്‍, സോയാബീന്‍, ചായ, ഓറഞ്ച്‌ എന്നിവ സ്‌തനാര്‍ബുദം തടയുന്നു.
17. ചായയിലെ പോളിഫിനോളിക്ക്‌ ആന്റിഓക്‌സിഡന്റുകള്‍, മത്സ്യത്തിലെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ കാന്‍സര്‍ വരുന്നത്‌ തടയുന്നു. മഞ്ഞള്‍, ഉലുവ, മല്ലി, വെളുത്തുള്ളി, കുരുമുളക്‌ എന്നിവ കാന്‍സര്‍ പ്രതിരോധത്തിന്‌ നല്ലതാണ്‌.
18. കാബേജ്‌, കോളീഫ്‌ളവര്‍, ബ്രോക്കോളി, മുള്ളങ്കി, ബീന്‍സ്‌, സോയാബീന്‍ എന്നിവയിലെ ആന്റി ഓക്‌സിഡുകള്‍ കാന്‍സര്‍ തടയുന്നു.
19. വെളുത്തുള്ളി അരിഞ്ഞ്‌ 10 മിനിറ്റ്‌ കഴിഞ്ഞ്‌ രൂപപ്പെടുന്ന അല്ലിനേസ്‌ എന്ന എന്‍സൈം കുടലിലേയും, ആമാശയത്തിലേയും കാന്‍സര്‍ തടയുന്നു. (വെളുത്തുള്ളി അരിഞ്ഞ്‌ 10 മിനിറ്റിനു ശേഷം പാകം ചെയ്യുക)

ഭക്ഷണത്തില്‍ ശ്രദ്ധിക്കാം

1. പാചക എണ്ണയുടെ അളവ്‌ കുറയ്‌ക്കുക. ഒരാള്‍ക്ക്‌ 15 മില്ലി എണ്ണ ഒരുദിവസം മതിയാകും.
2. ഡാല്‍ഡ, വനസ്‌പതി, നെയ്യ്‌ എന്നിവ ഒഴിവാക്കി വെജിറ്റബിള്‍ എണ്ണ ഉപായാഗിക്കുക. (സോയാബീന്‍ എണ്ണ, നിലക്കടല എണ്ണ, കടുകെണ്ണ. ഒലിവ്‌ എണ്ണ തുടങ്ങിയവ)
3. എണ്ണയില്‍ മുക്കിപ്പൊരിച്ചതും, വറുത്തതും, കരിച്ചതും, പുകച്ചതുമായ ഭക്ഷണം ഒഴിവാക്കുക.
4. ഭക്ഷണത്തിനുപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ചുടാക്കി ഉപയോഗിക്കാതിരിക്കുക.
5. പഴകിയതും, പൂപ്പല്‍ പിടിച്ചതുമായ ഭക്ഷണസാധനങ്ങള്‍ കഴിക്കരുത്‌. ഇത്‌ കരളിലെ അര്‍ബുദത്തിനു കാരണമാകും.
6. കീടനാശിനികള്‍ കലരാനിടയുള്ള ഭക്ഷണസാധനങ്ങള്‍ വൃത്തിയായി കഴുകിയ ശേഷം ഉപയോഗിക്കുക.
7. മായം കലര്‍ന്ന ഭക്ഷ്യവസ്‌തുക്കള്‍, കൃത്രിമ നിറവും, മധുരവും ചേര്‍ത്ത ഭക്ഷണം എന്നിവഒഴിവാക്കുക.
8. പന്നി, ആട്‌, പശു, കാള, പോത്ത്‌ എന്നിവയുടെ ഉപയോഗം കുറയ്‌ക്കുക. തൊലി മാറ്റിയ കോഴിയിറച്ചി വേവിച്ചുപയോഗിക്കാം. എണ്ണയില്‍ പൊരിച്ചതും കനലില്‍ ചുട്ടതും ഗ്രില്‍ഡായതുമായ കോഴിയിറച്ചി ആരോഗ്യത്തിനു നല്ലതല്ല.
9. ഐസ്‌ ക്രീം, ബേക്കറിസാധനങ്ങള്‍, വെണ്ണ, നെയ്യ്‌, അധികം കൊഴുപ്പുള്ള പാല്‍ തുടങ്ങിയവയുടെ ഉപയോഗം കുറയ്‌ക്കുക.
10. ഫാസ്‌റ്റ് ഫുഡ്‌, ജംഗ്‌ഫുഡ്‌ എന്നിവയുടെ ഉപയോഗം കുറയ്‌ക്കുക
11. ചൈനീസ്‌ ഭക്ഷണമായ നൂഡില്‍സ്‌, ഫ്രൈഡ്‌റൈസ്‌ തുടങ്ങിയവയില്‍ ചേര്‍ക്കുന്ന അജിനോമോട്ടോ ആരോഗ്യത്തിന്‌ ഹാനികരമാണ്‌.
12. ഭക്ഷണത്തില്‍ ഉപ്പ്‌ കുറയ്‌ക്കുക. കേടുവരാതിരിക്കാന്‍ ഉപ്പ്‌ ചേര്‍ത്ത്‌ സംസ്‌കരിച്ച ഭക്ഷണം ഒഴിവാക്കുക.
13. ടിന്നിലടച്ചതും, കേടുവരാതിരിക്കാന്‍ രാസവസ്‌തുക്കള്‍ ചേര്‍ത്തതുമായ ഭക്ഷണം ഒഴിവാക്കുക.

ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടവ

1. പഴവര്‍ഗങ്ങളില്‍ പപ്പായ, നാരങ്ങ, ഓറഞ്ച്‌, മുന്തിരി, കൈതച്ചക്ക, മാതളനാരങ്ങ, മാമ്പഴം പച്ചക്കറികളില്‍ തക്കാളി, കാരറ്റ്‌, ബീറ്റ്‌റൂട്ട്‌,കാബേജ്‌, കോളിഫ്‌ളവര്‍, ബ്രോക്കോളി, ബീന്‍സ്‌, മത്തങ്ങ എന്നിവ നല്ലതാണ്‌.
2. ഓട്‌സ്, തവിടുകളയാത്ത ധാന്യങ്ങള്‍, തവിടുകളയാത്ത അരി, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
3. മാസ്യാഹാരം കുറച്ച്‌ സസ്യാഹാരത്തിന്‌ മുന്‍ഗണന നല്‍കുക. മുട്ട, സോയാബീന്‍, തൊലിനീക്കിയ കോഴിയിറച്ചി, മത്സ്യം, ചെറുനാരങ്ങ, നെല്ലിക്ക, ഗ്രീന്‍ടീ, പാട നീക്കിയ പാല്‍, ബദാം, അണ്ടിപ്പരിപ്പ്‌ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
4. ഉപ്പും, മധുരവും, കൊഴുപ്പും, അമിതമായി ഉപയോഗിക്കാതിരിക്കുക. വെള്ളരിക്ക, കാരറ്റ്‌, കത്തിരിക്ക തുടങ്ങിയവ സലാഡ്‌ രൂപത്തില്‍ കഴിക്കാം എണ്ണയില്‍ വറുത്തുപൊരിച്ചതും കരിച്ചതുമായ ഭക്ഷണ വസ്‌തുക്കള്‍ ഒഴിവാക്കി ആവിയില്‍ വേവിച്ച ഭക്ഷണം കഴിക്കുക.
5. മേല്‍ പറഞ്ഞപ്രകാരം ഭക്ഷണ ക്രമീകരണം നടത്തുക. കൃത്യമായി വ്യായാമം ചെയ്യുക.
6. പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങള്‍ ഒഴിവാക്കുക.
ഇത്തരം കാര്യങ്ങള്‍ ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കുറയുകയും ആരോഗ്യ പൂര്‍ണമായ ജീവിതമുണ്ടാകുകയും ചെയ്യും.

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top