കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

മുൻ രാഷ്ട്രപതി ഡോ.എ പി ജെ അബ്ദുൾ കലാം അന്തരിച്ചു

abdul kalamഷില്ലോംങ് :  മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം (84) അന്തരിച്ചു. വൈകീട്ട് ഏഴു മണിക്ക് ഷില്ലോങ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ബഥനി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ നിലനിർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 6.50 ഓടെയാണ് അദേഹത്തിന് ഹൃദയാഘാതമുണ്ടായത്.  ഇന്ത്യയുടെ 11-മത് രാഷ്ട്രപതിയായിരുന്നു.

പ്രഗൽഭനായ മിസൈൽ സാങ്കേതികവിദ്യാ വിദഗ്ധനും എഞ്ചിനീയറുമായിരുന്ന അബ്ദുൽ കലാം ജനകീയരായ ഇന്ത്യൻ രാഷ്ട്രപതിമാരിൽ അഗ്രഗണ്യനായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞൻമാരിൽ ഒരാളായിരിക്കുമ്പോഴും ജനങ്ങളുടെ ഹൃദയം തൊടാൻ കഴിഞ്ഞ ജനകീയ നേതാവു കൂടിയായിരുന്നു അദേഹം.  2002 മുതൽ 2007 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന അദേഹം ജനകീയമായ പ്രവർത്തന രീതി കൊണ്ടും സ്വതസിദ്ധമായ എളിമകൊണ്ടും ജനങ്ങളുടെ സ്വന്തം രാഷ്ട്രപതിയായി മാറി.  രാജ്യം ഭാരതരത്ന പുരസ്കാരവും പത്മഭൂഷൺ പുരസ്കാരവും നൽകി  ആദരിച്ചിട്ടുണ്ട്.

1931 ഒക്ടോബർ 15 ന് തമിഴ്നാട്ടിലെ രാമേശ്വരത്ത് വള്ളക്കാരനായ ജൈനുലാബ്ദീന്റേയും ആഷിയാമ്മയുടെയും മകനായി ജനിച്ച കലാം കക്ക പെറുക്കി വിറ്റും പത്രം വിറ്റുമൊക്കെയാണ് കുട്ടിക്കാലത്ത് പഠനച്ചെലവ് കണ്ടെത്തിയത്. ഷാട്സ് മെട്രിക്കുലേഷൻ സ്കൂളിലെ പഠനത്തിനു ശേഷം തിരുച്ചിറപ്പള്ളി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നു ഫിസിക്സിൽ ബിരുദമെടുത്തു.  പിന്നീട് ചെന്നൈയിൽ നിന്നു എയറോസ്പേസ് എഞ്ചിനീയറിംഗ്    പഠിച്ചു.  അതിന് ശേഷം പ്രൊഫ.എം.ജി.കെ മേനോന്റെ പ്രേരണയാൽ റോക്കറ്റ് എഞ്ചിനീയറായി.

മിസൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഭാരതത്തിന്റെ മിസൈൽ മനുഷ്യൻ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും അടിസ്ഥാനമായ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും അബ്ദുൾകലാം നൽകിയ സംഭാവനകൾ നിസ്തുലമാണ്. പൊഖ്റാൻ ആണവ പരീക്ഷണത്തിനു പിന്നിലും സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.

അവിവാഹിതനായിരുന്നു. ജീവിതത്തിന്റെ ഓരോ നിമിഷവും രാജ്യത്തിന്റെ മിസൈല്‍ വിപ്ലവത്തിനുവേണ്ടി മാറ്റിവെക്കുകയെന്നതായിരുന്നു ലക്ഷ്യം. തമിഴില്‍ നിരവധി കവിതകള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യ 2020, വിംഗ്സ്  ഓഫ് ഫയര്‍, ഇഗ്‌നൈറ്റഡ് മൈന്‍ഡ്‌സ് എന്നിവയാണ് പ്രധാന കൃതികള്‍.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top