കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ഡോ.എ.പി.ജെ അബ്ദുൾ കലാമിന് പ്രവാസി മലയാളി ഫെഡറേഷന്റെ പ്രണാമം

imageഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയും ആണവ ശാസ്ത്രജ്ഞനും ഗവേഷകനും എഴുത്തുകാരനും കവിയും തത്വശാസ്ത്രജ്ഞനുമായിരുന്ന  ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ ദേഹവിയോഗത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ അനുശോചിച്ചു.  ഇന്നലെ നടന്ന അന്താരാഷ്ട്ര ടെലിഫോൺ കോൺഫറൻസിലാണ് പ്രവാസി ഫെഡറേഷൻ അനുശോചനം അറിയിച്ചത്.

പ്രവാസി മലയാളി ഫെഡറേഷൻ മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അയച്ച ഡോ.കലാം അനുശോചന പ്രസ്താവന കോൺഫറൻസിൽ വായിച്ചു.  “രാഷ്ട്രപതിയായിരിക്കെ അദ്ദേഹം ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം 2 മാസത്തിനു മുമ്പ് പത്തനംതിട്ടയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തിരുന്നു. വ്യക്തിപരമായി അദ്ദേഹവുമായി വളരെ അടുപ്പം സൂക്ഷിച്ചിരുന്ന ആളാണ് ഞാന്‍. ഒരുപാടുതവണ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.”  മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പുലര്‍ച്ചതന്നെ  പുറപ്പെടുകയാണെന്നും തന്റെ പ്രസ്താവനയില്‍ സ്വാമി ഗുരുരത്നം അറിയിച്ചു.

ഇന്ത്യൻ ജനതയെ സ്വപ്നം കാണാൻ പഠിപ്പിക്കുകയും അവരുടെ പല സ്വപ്നങ്ങളും യാഥാർത്ഥ്യമാക്കി കൊണ്ട് ഭാരതത്തിന്റെ സ്ഥാനം ലോകരാഷ്ട്രങ്ങൾക്കിടയിൽ വാനോളം ഉയർത്തുകയും ചെയ്ത അതുല്യ പ്രതിഭയായിരുന്നു ഡോ.കലാം എന്നും അദ്ദേഹത്തിന്റെ വിയോഗം ഭാരതത്തിന് തീരാനഷ്ടമാണെന്നും ഗ്ലോബൽ ചെയർമാൻ ഡോ.ജോസ് കാരാട്ട് പറഞ്ഞു.

പ്രവാസി മലയാളികളുടെ ഉറ്റ തോഴനായിരുന്ന ഡോ.കലാം ലോകത്തെവിടെ ആയിരുന്നാലും ഭാരതത്തിന്റെ അന്തസ്സ് ഉയർത്തി പിടിക്കണമെന്ന് കൂടെ കൂടെ പറയുമായിരുന്നു.  പ്രവാസി മലയാളി ഫെഡറേഷൻ അമേരിക്കൻ റീജിയൻ സെക്രട്ടറി ജയിൻ മുണ്ടക്കൽ തന്റെ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.

കോൺഫറൻസിൽ ഗ്ലോബൽ ഭാരവാഹികളും വിവിധ രാജ്യങ്ങളീൽ നിന്നുള്ള പ്രതിനിധികളും അനുശോചനം അറിയിച്ചു.  ഓഗസ്ത് 6,7 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന കൺവെൻഷനോടനുബന്ധിച്ച് ഡോ.അബ്ദുൾ കലാം അനുസ്മരണം നടത്തുവാനും യോഗം തീരുമാനിച്ചു

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top